September 22, 2012

ഭൂഗര്‍ഭ കണികാനിരീക്ഷണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍


പ്രിയ സുഹൃത്തേ,
ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ അണിയറയില്‍ നടന്നു വരികയാണ്. ഇതുസംബന്ധിച്ച വസ്തുതകള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. കേരള സര്‍ക്കാരിന്റെ അനുമതിപോലും വാങ്ങാതെയാണ് കേരളത്തിന്റഎ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതു സംബന്ധിച്ച് ശ്രീ.വി.ടി.പത്മനാഭനും ഞാനും ചേര്‍ന്നെഴുതിയ ഒരു ലേഖനം ഇന്നത്തെ മാധ്യമം എഡിറ്റ് പേജില്‍ വായിക്കാം.
സസ്‌നേഹം 
സഹദേവന്‍

ഭൂഗര്‍ഭ കണികാനിരീക്ഷണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
(വി.ടി. പത്മനാഭന്‍, കെ. സഹദേവന്‍))., മാധ്യമം, 2012 സെപ്തംബർ 22)

ഭൂഗര്‍ഭ കണികാനിരീക്ഷണം  ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സ്വിറ്റ്സര്‍ലന്‍ഡിലെ സേണി (CERN- European Organization for Nuclear Research) ന്‍െറ ദൈവകണ പരീക്ഷണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ അമേരിക്കന്‍ സഹായത്തോടെ ഭൂഗര്‍ഭ കണികാ നിരീക്ഷണം നടത്തുന്നതിനായി വലിയൊരു നിരീക്ഷണശാല സ്ഥാപിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ നടന്നുവരുന്ന കാര്യം പൊതുജനങ്ങളോ മാധ്യമങ്ങളോ എന്തിന്, കേരള സര്‍ക്കാര്‍തന്നെയോ അറിഞ്ഞിട്ടില്ല. ഒരു ദശകം മുമ്പ് ആസൂത്രണംചെയ്ത ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പല ഔദ്യാഗികരേഖകളിലും കാണാന്‍ സാധ്യമല്ലെന്നുള്ളതും പൊതുജന സംവാദത്തിനായി ലഭ്യമല്ലാതിരുന്നതും പദ്ധതിയെ സംബന്ധിച്ച ചില ദുരൂഹതകള്‍ ഉയര്‍ത്തുന്നുണ്ട്. കേരള അതിര്‍ത്തിയില്‍ ഇടുക്കി ജില്ലയില്‍ സ്ഥാപിക്കാന്‍പോകുന്ന കണികാ നിരീക്ഷണശാല (ന്യൂട്രിനോ ഒബ്സര്‍വേറ്ററി) നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ ആണവോര്‍ജ വകുപ്പിന്‍െറ സഹായത്തോടെ ഇന്ത്യന്‍ ആറ്റമിക് എനര്‍ജി കമീഷന്‍ സ്ഥാപിക്കാന്‍പോകുന്ന ഈ നിരീക്ഷണശാലയുടെ യഥാര്‍ഥ ഗുണഭോക്താവ് ആരാണ്? ഇന്ത്യയുടെ ഫെഡറല്‍ നിയമങ്ങളെ അവഗണിച്ചുകൊണ്ട് കേരള സര്‍ക്കാറിന്‍െറ അനുമതിപോലും വാങ്ങിക്കാതെ പദ്ധതി സ്ഥാപിക്കുന്നതെന്തിന്? പദ്ധതി രൂപരേഖ തയാറാക്കിയതാരാണ്? പദ്ധതി ഉയര്‍ത്താവുന്ന പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണ്? പൊതുസമൂഹത്തില്‍ ഒരു സംവാദത്തിനുപോലും ഇടനല്‍കാതെ പദ്ധതി നടപ്പാക്കുന്നതിന്‍െറ പൊരുളെന്താണ്? ഈ ചോദ്യങ്ങള്‍ക്കൊക്കെയും ഉത്തരം കാണേണ്ടത് പൊതുസമൂഹത്തിന്‍െറയും ജനകീയ ശാസ്ത്രസമൂഹത്തിന്‍െറയും ഉത്തരവാദിത്തമാണ്.

എന്താണ് ന്യൂട്രിനോ ഗവേഷണം?
പദാര്‍ഥത്തിന്‍െറ അടിസ്ഥാനകണങ്ങളില്‍ ഒന്നായ ലെപ്റ്റോണ്‍ വര്‍ഗത്തില്‍പ്പെടുന്ന അതിസൂക്ഷ്മ കണങ്ങളാണ് ന്യൂട്രിനോകള്‍. ഭൂമിയുടെ അകക്കാമ്പുപോലും തുളച്ച് കടന്നുചെല്ലാന്‍ കഴിയുന്ന ഒന്നാണ് ന്യൂട്രിനോ. ഒരു ഇലക്ട്രോണ്‍ വോള്‍ട്ട് മുതല്‍ കോടിക്കണക്കിന് ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജം വരെ ഇവക്കുണ്ട്. പ്രകാശം കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായ ഒന്നാണ് ന്യൂട്രിനോ. ഭൂമിയില്‍ പതിക്കുന്ന ന്യൂട്രിനോകളുടെ ഏറ്റവും വലിയ സ്രോതസ്സ് സൂര്യനാണ്. സെക്കന്‍ഡില്‍ ഒരു ചതുരശ്ര സെന്‍റിമീറ്ററില്‍ 65 ലക്ഷം സൗര ന്യൂട്രിനോകളാണ് പതിക്കുന്നത്. പകല്‍ ആകാശത്തുനിന്നും രാത്രി ഭൂമിയുടെ ഒരു ഭാഗത്തുനിന്നും ഭൂമിതുരന്ന് സഞ്ചരിച്ച് ന്യൂട്രിനോകള്‍ മറുഭാഗത്ത് എത്തുന്നു. ഭൂമിയിലുള്ള വികിരണസ്വഭാവമുള്ള എല്ലാ ധാതുക്കളില്‍നിന്നും ന്യൂട്രിനോകള്‍ പുറന്തള്ളപ്പെടുന്നുണ്ട്. എന്തിനേറെ, മനുഷ്യശരീരത്തില്‍നിന്നുപോലും ന്യൂട്രിനോകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. കുറഞ്ഞ ഊര്‍ജം (ലക്ഷക്കണക്കിന് ഇലക്ട്രോണ്‍ വോള്‍ട്ട് വരെ- eV) ഉള്ളവയാണ് ഈ ന്യൂട്രിനോകള്‍. നിരവധി കോടി ഇലക്ട്രോണ്‍ വോള്‍ട്ട് (1ന് ശേഷം 20 പൂജ്യം) ഊര്‍ജമുള്ള ന്യൂട്രിനോകള്‍ വളരെ വിരളമായി മാത്രമേ പ്രപഞ്ചത്തില്‍ കണ്ടുവരുന്നുള്ളൂ. ഇത് എവിടെനിന്നാണ് വരുന്നതെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തമല്ല. സൂര്യനില്‍നിന്നും മറ്റും പുറപ്പെടുന്ന കുറഞ്ഞ ഊര്‍ജമുള്ള ന്യൂട്രിനോകള്‍ പ്രത്യേകിച്ച് പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്നതുകൊണ്ടുതന്നെ ജീവനുമേല്‍ എന്തെങ്കിലും ഭീഷണിയുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതേസമയം, ഉയര്‍ന്ന ഊര്‍ജമുള്ള ന്യൂട്രിനോകള്‍ തീവ്ര പ്രതിപ്രവര്‍ത്തന സ്വഭാവമുള്ളതുകൊണ്ടുതന്നെ മറ്റ് അയണീകരണ വികിരണ (Ionising Radiation) പദാര്‍ഥങ്ങളെപ്പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. ആണവ നിലയങ്ങളില്‍ നിന്നും സേണ്‍ പോലുള്ള ആക്സിലറേറ്ററുകളില്‍നിന്നുമാണ് മനുഷ്യനിര്‍മിത ന്യൂട്രിനോകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ആണവ നിലയങ്ങളില്‍നിന്ന് പുറപ്പെടുന്നവ കുറഞ്ഞ ഊര്‍ജമുള്ളതും ആക്സിലറേറ്ററില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നവ ഉയര്‍ന്ന ഊര്‍ജമുള്ളവയുമാണ്. 5000 കോടി ഇലക്ട്രോണ്‍ വോള്‍ട്ടു(eV)ള്ള കണികകള്‍ ഇപ്പോള്‍ ഇത്തരം ആക്സിലറേറ്ററുകളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അടുത്ത പതിറ്റാണ്ടില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന ന്യൂട്രിനോ ഫാക്ടറികളില്‍നിന്ന് ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി ഊര്‍ജമുള്ള കണികകള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു. ഉന്നത ഊര്‍ജവാഹിനികളായ ന്യൂട്രിനോകളെ സംയോജിപ്പിച്ചുകൊണ്ട് (collimate) ഒരു ബീം ആക്കി പരിവര്‍ത്തിപ്പിച്ച് ഭൂമിയുടെ അകക്കാമ്പിലൂടെ കടത്തി ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള അന്വേഷണങ്ങളാണ് നിര്‍ദിഷ്ട പരീക്ഷണശാലയില്‍ നടക്കാന്‍ പോകുന്നത്. പ്രകാശത്തെ ലേസര്‍ രശ്മികളാക്കുന്നതുപോലെ സംയോജിത ന്യൂട്രിനോകളെ പദാര്‍ഥത്തിലൂടെ കടത്തിവിട്ട് നിരീക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്നറിയുന്നു.

ആണവോര്‍ജ വകുപ്പിന്‍െറയും ശാസ്ത്രസാങ്കേതിക വകുപ്പിന്‍െറയും കീഴിലുള്ള ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണ ശാല (India Based Neutrino Observatory-INO)യുടെ ഔദ്യാഗിക വെബ്സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അന്തരീക്ഷ ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനമാണ് തമിഴ്നാട്-കേരള അതിര്‍ത്തി ജില്ലകളായ തേനിയിലും ഇടുക്കിയിലും സ്ഥാപിക്കാനിരിക്കുന്ന പരീക്ഷണശാലയില്‍ നടക്കാന്‍ പോകുന്നത്. ജപ്പാനിലെയും സേണിലെയും ആക്സിലറേറ്ററുകളില്‍നിന്ന് വരുന്ന ന്യൂട്രിനോകളെക്കുറിച്ചും ഭാവിയില്‍ പഠനവിധേയമാക്കാം എന്ന ചില പരാമര്‍ശങ്ങളും ഔദ്യാഗികരേഖകളിലുണ്ട്. അമേരിക്കയിലെ ഫെര്‍മിലാബ് നല്‍കുന്ന വിവരമനുസരിച്ച് ഷികാഗോയില്‍ നിര്‍മിക്കാന്‍ പോകുന്ന ന്യൂട്രിനോ ഫാക്ടറിയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ന്യൂട്രിനോകളെ പഠനവിധേയമാക്കാന്‍പോകുന്ന വിദൂര നിരീക്ഷണശാലയാണ് (far detector) ഇത്. ഈ ന്യൂട്രിനോകള്‍ ഭൂമിയുടെ അകക്കാമ്പു വഴി 11,000 കി. മീറ്റര്‍ താണ്ടി (പ്രകാശവേഗതക്കടുത്ത്) പരീക്ഷണശാലയില്‍ എത്തിച്ചേരും. ഇവിടെ നടക്കുന്ന നിരീക്ഷണ വിവരങ്ങള്‍ ഫെര്‍മിലാബ് വിശകലന വിധേയമാക്കുമെന്നറിയുന്നു.

തമിഴ്നാട്ടിലെ തേവാരത്തിനടുത്തുള്ള പൊട്ടിപ്പുറത്തുനിന്നും ആരംഭിച്ച് 2490 മീറ്റര്‍ നീളുന്ന തുരങ്കത്തിലൂടെ ചെന്നെത്താവുന്ന നാലു പരീക്ഷണശാലകളാണ് പദ്ധതിയില്‍ ഉള്ളത്. പ്രധാന ശാലക്ക് 3432 ചതുരശ്ര മീറ്റര്‍ വിസ്താരവും 32.5 മീറ്റര്‍ ഉയരവും ഉണ്ടായിരിക്കും. മറ്റ് മൂന്ന് ശാലകള്‍ക്ക് 1600 ച. മീറ്റര്‍ വിസ്താരവും 10 മീറ്റര്‍ ഉയരവും വീതം ഉണ്ടായിരിക്കും. 120 വര്‍ഷമാണ് പദ്ധതിയുടെ പ്രതീക്ഷിത ആയുസ്സ്. ആണവോര്‍ജ വകുപ്പ് ആസൂത്രണം ചെയ്ത ഈ പദ്ധതിയെ 11ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസൂത്രണ കമീഷന്‍ 1300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2005ല്‍ അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഫെര്‍മിലാബ് വിഭാവനം ചെയ്തതാണ് ഈ പദ്ധതി. ഭൂമിയുടെ അകക്കാമ്പ് വഴി ന്യൂട്രിനോ ബീമുകളെ വിദൂര നിരീക്ഷണശാലയിലെത്തിക്കുന്നതിന് ഇന്ത്യയെയോ ശ്രീലങ്കയെയോ പോലുള്ള പ്രദേശങ്ങള്‍ ആവശ്യമാണ്.

ആണവോര്‍ജവകുപ്പ് നിര്‍ദിഷ്ട പദ്ധതിക്കായി കേന്ദ്ര-തമിഴ്നാട് സര്‍ക്കാറുകളുടെ അനുവാദം നേടിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാറിനെ ഈ പദ്ധതിയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണശാല പ്രസിദ്ധീകരിച്ച രേഖയില്‍ തുരങ്കത്തിലൂടെ 1700 മീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ എത്തുമെന്ന് വിശദീകരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ 740 മീറ്റര്‍ തുരങ്കവും പ്രധാന നിലയവുമടക്കം മൂന്ന് നിരീക്ഷണശാലകളും കേരളത്തിലായിരിക്കും നിര്‍മിക്കാന്‍ പോകുന്നത്. ഇതിനാവശ്യമായ ഒരു അനുമതിയും കേരള സര്‍ക്കാറില്‍നിന്ന് വകുപ്പ് തേടിയിട്ടില്ല. ഇത് ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനമായിത്തന്നെ കാണേണ്ടതുണ്ട്. ആയുധനിര്‍മാണത്തിനടക്കം ഉപകരിക്കപ്പെടാവുന്ന തന്ത്രപ്രധാനമായൊരു സ്ഥാപനം സംസ്ഥാനത്തിന്‍െറ ഭൂപ്രദേശങ്ങളില്‍ സ്ഥാപിക്കുമ്പോള്‍ സര്‍ക്കാറിനെയോ പൊതുജനങ്ങളെയോ ഇക്കാര്യം അറിയിക്കാതിരിക്കുന്നത് അങ്ങേയറ്റം ഗൗരവമായ നിയമലംഘനമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.

ആയുധനിര്‍മാണത്തിനുള്ള സാധ്യതകള്‍
നിരീക്ഷണശാലയുടെ പ്രധാന ഗുണഭോക്താവ് അമേരിക്കയായിരിക്കും. നിലവിലോ സമീപഭാവിയിലോ ന്യൂട്രിനോ ഫാക്ടറി സ്ഥാപിക്കാനുള്ള സാമ്പത്തികമോ സാങ്കേതികമോ ആയ ശേഷി ഇന്ത്യക്കില്ല എന്നതുകൊണ്ട് പദ്ധതികൊണ്ട് ഇന്ത്യക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നുംതന്നെയില്ല. തീവ്ര പ്രതിപ്രവര്‍ത്തന സ്വഭാവമുള്ള ന്യൂട്രിനോകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ബീം ഉപയോഗിച്ച് കടലിനടിയില്‍പോലും സൂക്ഷിച്ചുവെച്ചിരിക്കുന്ന ആണവായുധങ്ങള്‍ വിസ്ഫോടനം ചെയ്യിപ്പിക്കാന്‍ സാധിക്കുമെന്നും ഒരു ചെറിയ മുറിയിലോ ഗുഹകളിലോ ഒളിച്ചിരിക്കുന്ന ശത്രുക്കളെ മുറിയിലെ മാത്രം വികിരണത്തോത് ഉയര്‍ത്തി വധിക്കാന്‍ സാധിക്കുമെന്നും പ്രതിപാദിക്കുന്ന രണ്ട് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വരുമ്പോള്‍ ഈ നിരീക്ഷണശാലയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂട്രിനോ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചേക്കും. അതുകൊണ്ടായിരിക്കാം ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ ഔദ്യാഗിക വെബ്സൈറ്റുകളില്‍ ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുന്നത്. 1 2 3 കരാര്‍ അനുസരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബുഷിന്‍െറ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി രൂപംകൊണ്ട നാല് വന്‍കിട ശാസ്ത്രപദ്ധതികളില്‍ ഒന്നാണ് ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണശാല.

ഏതാണ്ട് എട്ട് ലക്ഷം ടണ്‍ പാറ പൊട്ടിച്ചുവേണം നിരീക്ഷണശാല നിര്‍മിക്കാന്‍. ഇതിനായി 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഉപയോഗിക്കേണ്ടിവരും. തുടര്‍ച്ചയായി മൂന്നു മുതല്‍ നാലു വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്ഫോടനം നടത്തേണ്ടതുണ്ട്. ഇത്തരം വിസ്ഫോടനങ്ങള്‍ വഴി റിക്ടര്‍ സ്കെയിലില്‍ മൂന്നുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ സംഭവിക്കാം. ഇത് നിലവില്‍ 12ഓളം അണക്കെട്ടുകള്‍ ഉള്ളതും 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ളതുമായ ഇടുക്കി മേഖലയില്‍ ഭൂകമ്പസാധ്യതകള്‍ വര്‍ധിപ്പിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങള്‍ ഒന്നുംതന്നെ ഐ.എന്‍.ഒ നടത്തിയതായി അറിവില്ല. അമേരിക്കയില്‍നിന്നുള്ള ഒരു ഖനന വിദഗ്ധനായിരിക്കും ഈ സ്ഫോടനങ്ങളുടെ ഉപദേഷ്ടാവ് എന്നും മനസ്സിലാക്കാന്‍ കഴിയുന്നു.

ഇത്രയും വലിയ ഭൂഗര്‍ഭ നിരീക്ഷണശാല നിര്‍മിക്കുമ്പോള്‍ ഏകദേശം എട്ട് ലക്ഷം ടണ്‍ പൊടിപടലങ്ങളും 8000 ടണ്‍ നാനോ കണങ്ങളും ഇടുക്കി, തേനി ജില്ലകളിലെ പരിസ്ഥിതിയെ ഗുരുതരമായ രീതിയില്‍ ബാധിക്കാനിടയുണ്ട്. ഉയര്‍ന്ന ഊര്‍ജ ന്യൂട്രിനോകള്‍ ദ്രവ്യവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഹൈഡ്രോണ്‍ ഷവര്‍ ഉണ്ടാകുമെന്നും അത് കിലോമീറ്ററുകളോളം വ്യാപിക്കുമെന്നും ഫെര്‍മിലാബിന്‍െറതന്നെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുമൂലം ട്രീഷ്യയം, കാര്‍ബണ്‍ 14 തുടങ്ങിയ വികിരണ പദാര്‍ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് ഇടുക്കിയിലും തേനിയിലുമുള്ള ജൈവമണ്ഡലങ്ങളില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.

(വി.ടി. പത്മനാഭന്‍ സ്വതന്ത്ര ശാസ്ത്ര ഗവേഷകനും കെ. സഹദേവന്‍ ആണവ വിരുദ്ധ പ്രവര്‍ത്തകനുമാണ്)

No comments: